റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് ചരിത്രപരമായ തിരിച്ചുവരവ്
വാഷിംഗ്ടൺ ഡിസി: റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് ചരിത്രപരമായ തിരിച്ചുവരവ്. 538 അംഗ ഇലക്ടറൽ വോട്ടിൽ ഫലം പുറത്തുവന്നതിൽ 279 നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിലെ കമല ഹാരിസായിരുന്നു എതിർസ്ഥാനാർഥി. കമലയ്ക്ക് 223 വോട്ടാണു കിട്ടിയത്. 270 വോട്ടാണു വിജയത്തിനു വേണ്ടത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് എഴുപത്തിയെട്ടുകാരനായ ട്രംപ്. 132 വർഷത്തിനുശേഷം ആദ്യമായാണ് പ്രസിഡന്റായശേഷം പരാജയപ്പെട്ടയാൾ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
രണ്ടു തവണയും വനിതകളെ പരാജയപ്പെടുത്തി പ്രസിഡന്റായെന്ന റിക്കാർഡും ട്രംപ് സ്വന്തമാക്കി. അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റാകുന്ന ഡോണൾഡ് ട്രംപ് ജനുവരി 20നു സ്ഥാനമേൽക്കും. ജനകീയ വോട്ടിലും മുന്നിലെത്തിയത് ട്രംപാണ്. അദ്ദേഹത്തിന് ജനകീയ വോട്ടിന്റെ 51 ശതമാനത്തിലേറെ ലഭിച്ചു. കമല ഹാരിസിന് 47.4 ശതമാനം ജനകീയ വോട്ടാണു ലഭിച്ചത്. 2017ൽ ട്രംപ് പ്രസിഡന്റായപ്പോൾ ജനകീയ വോട്ടിൽ മുന്നിലെത്തിയത് എതിരാളി ഹില്ലരി ക്ലിന്റനായിരുന്നു.
“അഭൂതപൂർവവും ശക്തവുമായ ജനവിധി അമേരിക്ക നമുക്ക് തന്നു. ഇത് അമേരിക്കൻ ജനതയുടെ ഉജ്വല വിജയമാണ്”-ട്രംപ് പറഞ്ഞു. ഫലപ്രഖ്യാപനത്തിനുശേഷം ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ജെ.ഡി. വാൻസ് യുഎസ് വൈസ് പ്രസിഡന്റാകും.