ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത ഡ്രോൺ ആക്രമണം
ടെഹ്‌റാന്‍ : ഇറാനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. വടക്കന്‍ ഇസ്രയേലിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാന്‍ പിന്തുണയോടെ ലെബനന്‍ ആസ്ഥാനമായാണ് ഹിസ്ബുല്ല പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ സൈനിക കേന്ദ്രത്തിനു നേരെ നിരവധി മിസൈലുകള്‍ തൊടുത്തുവെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഇസ്രയേല്‍ കടന്നുകയറ്റം നടത്തിയതിനു തിരിച്ചടിയായാണ് ഹിസ്ബുല്ലയുടെ ആക്രമണമെന്ന് പ്രാദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലെബനനില്‍നിന്ന് മുപ്പത്തിയഞ്ചോളം റോക്കറ്റുകള്‍ തൊടുത്തുവെന്നും ആക്രമണത്തില്‍ ആളപായമൊന്നും ഇല്ലെന്നും ഇസ്രയേല്‍ അറിയിച്ചു. ശക്തമായ തിരിച്ചടി നല്‍കിയെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു . ആക്രമണങ്ങളില്‍ ഇതുവരെ ലെബനനില്‍ 376 പേരും ഇസ്രയേലില്‍ 10 സൈനികരും എട്ട് നാട്ടുകാരും കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്‌കസിലുള്ള ഇറാന്റെ എംബസിക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ലെബനനില്‍നിന്ന് ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യം വച്ച് നീക്കം നടത്തുന്നത്.