ദുബായ് അന്താരാഷ്ട്ര വിമാനത്താവളം: പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി
ദുബായ്: മഴ പ്രതിസന്ധിയിൽ നിന്ന് കരകയറി പൂർവസ്ഥിതിയിലേക്ക് വന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ജിഡിഎഫ്ആർഎ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എമിറേറ്റ്സ് എയർലൈൻസ് ഡയറക്ടർ സാമി അഖീൽ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷാൻകിതി എന്നിവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയത്.
മഴക്കെടുതിയിൽ അവതാളത്തിലായ ദുബൈ വിമാനത്താവളം പൂർവസ്ഥിതിയിൽ പ്രവർത്തനമാരംഭിച്ചുത് മുതൽ ദിവസവും 1400 വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നുണ്ട് .75 വർഷത്തിനിടയിലെ രാജ്യത്ത് പെയ്ത ഏറ്റവും വലിയ മഴ ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ച ദുബൈയിൽ റദ്ദ് ചെയ്തത്
ടെർമിനൽ 3-ലെ ഡിപ്പാർചർ ലോഞ്ചിൽ പരിശോധനാ സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളും നടപടിക്രമങ്ങളും വിശദമായി പരിശോധിച്ചു. ഡിപ്പാർചർ ലോഞ്ചിലെ വിവിധ വിഭാഗങ്ങൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ ഗേറ്റുകൾ, സുരക്ഷാ പരിശോധനാ ഏരിയ, ഷോപ്പിംഗ് ഏരിയ, യാത്രക്കാർക്കുള്ള ലോഞ്ചുകൾ എന്നിവ സംഘം സന്ദർശിച്ചു. യാത്രക്കാരുമായി സംസാരിച്ച് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധിച്ചു.
യാത്രക്കാർക്ക് മികച്ച സേവനം നൽകാനും അവരുടെ യാത്ര എളുപ്പവും സുഗമവുമാക്കാനും ജിഡിഎഫ്ആർഎ പ്രതിജ്ഞാബദ്ധമാണെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്രാ അനുഭവം നൽകുന്നതിനായി ദുബായ് എയർപോർട്ടും എമിറേറ്റ്സ് എയർലൈൻസും ജിഡിആർഎഫ്എ ദുബായും തുടർച്ചയായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“യാത്രക്കാർക്ക് മികച്ച സേവനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞങ്ങൾ നിരന്തരം സേവനങ്ങൾ മെച്ചപ്പെടുത്തുന്നുവെന്ന് അധികൃതർ അറിയിച്ചു.അതിനിടയിൽ
യുഎഇയിൽ പെയ്ത അതിശക്തമായ മഴയുടെ പ്രതിസന്ധികൾക്കിടയിലും ദുബായിലുള്ള കര, വ്യോമ, നാവിക അതിർത്തികളിലെ ഉദ്യോഗസ്ഥർ മികച്ച സേവന മികവാണ് കാഴ്ചവച്ചത്. ഏപ്രിൽ 15, 16, 17 തീയതികളിൽ ദുബായ് വിമാനത്താവളങ്ങളിലും ഹത്ത അതിർത്തിയിലും സി പോർട്ടിലും കൂടി 419,047 പേരുടെ യാത്രാ നടപടികൾ പൂർത്തിയാക്കിയെന്ന് കഴിഞ്ഞ ദിവസം ജിഡി ആർഎഫ്എ വെളിപ്പെടുത്തിയിരുന്നു