ഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു30 പേരെ തിരിച്ചറിഞ്ഞു

0

ഗാസ: ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഡയറക്ടര്‍ ജനറല്‍ ഇസ്മാഈല്‍ അല്‍ തവാബ്ത പറഞ്ഞു. ശനിയാഴ്ച മുതല്‍ ഇതുവരെ 334 മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കന്‍ ഗാസയിലെ നഗരത്തില്‍ നിന്ന് നാല് മാസത്തെ കരയാക്രമണത്തിന് ശേഷം ഇസ്രായേല്‍ സൈന്യം പിന്മാറിയിരുന്നു. ഇതിനുപിന്നാലെയാണ് കുഴിമാടത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ അക്രമണം 200 ദിവസം പിന്നിട്ടപ്പോള്‍ മരണസംഖ്യ 34,262 ആയി ഉയര്‍ന്നു. പരിക്കേറ്റവര്‍ 77,229 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തതിനാല്‍ നിരവധി ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച തെക്കന്‍ ലെബനാനില്‍ നിന്ന് ഇസ്രായേലിലേക്ക് 15 റോക്കറ്റുകളാണ് ഹിസ്ബുള്ളയുടെ നേതൃത്വത്തില്‍ തൊടുത്തുവിട്ടത്.

You might also like