സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു; എല്ലാ ജില്ലകളിലും താപനില ഉയരും

0

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും വേനല്‍ മഴയ്ക്ക് ശേഷം വീണ്ടും ചൂട് കനക്കുന്നു. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന ഇടുക്കി, വയനാട് ജില്ലകളില്‍ പോലും താപനില 35 ഡിഗ്രിയിലേക്ക് അടുത്തു. എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ താപനില ഉയരും എന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്.

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് പതിവില്‍ കൂടുതല്‍ ഉയര്‍ന്നതോടെയാണിത്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്തും തൃശൂരിലും 40 ഡിഗ്രിവരെയും ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ഉഷ്ടണതരംഗത്തില്‍ പതിവ് താപനിലയേക്കാള്‍ അഞ്ച് ഡിഗ്രി വരെ ചൂട് ഉയരാനും സാധ്യതയുണ്ട്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കാസര്‍കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ പോലും 34 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു

You might also like