വിദേശ വിദ്യാർഥികളുടെ പാർട്‌ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് പിൻവലിച്ച് കാനഡ
ഓട്ടവ : വിദേശ വിദ്യാർഥികളുടെ പാർട്‌ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് കാനഡ പിൻവലിച്ചു. ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി എന്ന വ്യവസ്ഥ കോവിഡ് കാലത്ത് തൊഴിലാളി ക്ഷാമം മുൻനിർത്തി ഒഴിവാക്കിയിരുന്നെങ്കിലും ഇന്നുമുതൽ ഈ ഇളവുണ്ടാകില്ലെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. വരുന്ന സെപ്റ്റംബർ മുതൽ ആഴ്ചയിൽ 24 മണിക്കൂർ എന്ന വ്യവസ്ഥ പ്രാബല്യത്തിലാകുമെന്നും അദ്ദേഹം അറിയിച്ചു. ‘വിദ്യാർഥികൾ കാനഡയിലേക്കു വരുന്നത് പഠിക്കാനായിരിക്കണം, ജോലി ചെയ്യാനല്ല. ആഴ്ചയിൽ 24 മണിക്കൂർ മാത്രം ജോലി എന്ന നിബന്ധന പഠനത്തിൽ ശ്രദ്ധിക്കാൻ അവരെ സഹായിക്കും’– മന്ത്രി പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ, കോളജുകൾ നടത്തുന്ന കോഴ്സുകൾക്ക് ഈമാസം 15 മുതൽ ചേരുന്ന വിദേശ വിദ്യാർഥികൾക്കു പഠനാനന്തര വർക്ക് പെർമിറ്റ് അനുവദിക്കില്ല. 15നു മുൻപ് ഇത്തരം കോഴ്സുകളിൽ ചേരുന്നവർക്ക് മറ്റു വ്യവസ്ഥകളെല്ലാം പാലിക്കുന്നുവെങ്കിൽ വർക്ക് പെർമിറ്റ് ലഭിക്കും.
2022ൽ ഇന്ത്യൻ വിദ്യാർഥികൾ 3,19,130
കനേഡിയൻ ബ്യൂറോ ഫോർ ഇന്റർനാഷനൽ എജ്യുക്കേഷന്റെ (സിബിഐഇ) 2022 ലെ റിപ്പോർട്ട് അനുസരിച്ച് 3,19,130 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലുള്ളത്. കോളജുകളിലും സർവകലാശാലകളിലും രാജ്യാന്തര വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
വ്യവസ്ഥകൾ മറ്റു രാജ്യങ്ങളിലും
ആഴ്ചയിൽ 28 മണിക്കൂറിലേറെ ജോലി ചെയ്യുന്ന വിദ്യാർഥികളുടെ അക്കാദമിക് നിലവാരം മോശമാകുന്നതായി യുഎസിലും കാനഡയിലും ഈയിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരം വിദ്യാർഥികൾ പഠനം അവസാനിപ്പിക്കാനുള്ള സാധ്യതകളേറെയാണെന്ന് കാനഡ മന്ത്രി മാർക്ക് മില്ലർ ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളുടെ വിദേശിവിദ്യാർഥി നയങ്ങളെക്കുറിച്ചും പരാമർശിച്ചു.