ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭം: ന്യൂയോർക്കിൽ മുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു
ന്യൂയോർക്ക് : ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ മുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളജ് ക്യാംപസുകളിലും നടന്ന റാലികളിലാണ് ന്യൂയോര്‍ക്ക് സിറ്റി പൊലീസിന്റെ നടപടി. പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാളും പൊലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊളംബിയയില്‍ 109 പേരും സിറ്റി കോളജില്‍ 173 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ എത്ര പേരാണ് വിദ്യാർഥികൾ എന്നതിൽ വ്യക്തമല്ല.
ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ വിദ്വേഷപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി. നിയമപരമായി നടത്തേണ്ട പ്രതിഷേധം അക്രമാസക്തമാകാന്‍ അനുവദിക്കില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ലക്ഷ്യം കാണില്ലെന്നും മേയര്‍ വിമര്‍ശിച്ചു
ഗാസയിലെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ചൊവാഴ്ച അർധരാത്രിക്ക് ശേഷമാണ് കൊളംബിയ സർവകലാശാലയുടെ ഹാമിൽട്ടൺ ഹാൾ പിടിച്ചെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുന്ന സർവകലാശാല നടപടി തുടർന്നു കൊണ്ടിരിക്കെയായിരുന്നു വിദ്യാർത്ഥികളുടെ നീക്കം.