ഇസ്രയേലിലും പാലസ്തീനിലും സമാധാനം പുലരാൻ കാനഡയിൽ കാൽനടയായി 42 കിലോമീറ്റർ തീർഥാടനം നടത്തി കത്തോലിക്ക ബിഷപ്പ്

0

കോർണർ ബ്രൂക്ക്: ഇസ്രയേൽ – ഹമാസ് സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയുമായി കാനഡയിലെ ബെലിസീലെ ഹോളി റിഡീമർ കത്തീഡ്രലിലിലേക്ക് തീർഥാടനം നടത്തി ന്യൂഫൗണ്ട്‌ലാൻഡിലുള്ള കോർണർ ബ്രൂക്ക് ആൻഡ് ലാബ്രഡോർ രൂപത ബിഷപ്പ് ബാർട്ട് വാൻ റോയ്‌ജെൻ. ഏപ്രിൽ 29ന് കാനഡയിലെ യോർക്ക് ഹാർബറിൽ നിന്ന് കോർണർ ബ്രൂക്കിലേക്ക് 42 കിലോമീറ്റർ കാൽ നടയായി നടത്തിയ യാത്ര ഹോളി റിഡീമർ കത്തീഡ്രലിലെ പ്രാർത്ഥനാ ശുശ്രൂഷയോടെ അവസാനിപ്പിച്ചു.

ഇസ്രയേലിലും പാലസ്തീനിലും സമാധാനം പുലരുക, വെടിനിർത്തൽ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ബിഷപ്പ് തീർഥാടനം നടത്തിയത്. യോർക്ക് ഹാർബറിൽ നിന്ന് കോർണർ ബ്രൂക്കിലേക്ക് 42 കിലോമീറ്റർ ദൂരമുണ്ട്. ഇത്രയധികം ദൂരം ഇരുരാജ്യങ്ങളിലും സമാധാനം സ്ഥാപിക്കപ്പെടുന്നതിനായുള്ള പ്രാർഥനയിലായിരുന്നു ബിഷപ്പ്. ഇരു പൗരന്മാരുടെയും കഷ്ടപ്പാടുകൾക്ക് നിശ്ശബ്ദമായി സാക്ഷ്യം വഹിക്കാനും നടക്കുന്ന അതിക്രമങ്ങൾ, നാശങ്ങൾ, അപമാനങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന് ശക്തമായ ആഹ്വാനം ചെയ്യാനും വേണ്ടി ആഗ്രഹിക്കുന്നതിനാലാണ് ഇപ്രകാരമൊരു യാത്ര താൻ തിരഞ്ഞെടുത്തത് എന്ന് ബിഷപ്പ് വെളിപ്പെടുത്തി.

42 കിലോമീറ്റർ നടത്തം എന്ന ആശയം തന്റെ ഊർജത്തിന്റെ ഒരു ഭാഗം ക്രിയാത്മകമായ ഒന്നിലേക്ക് കേന്ദ്രീകരിക്കാൻ എന്നെ സഹായിച്ചു. അത് ഗാസയുടെ വടക്ക് നിന്ന് 42 കിലോമീറ്റർ തെക്കോട്ടു കുടിയേറാൻ നിർബന്ധിതരായ ഒരു സാധാരണ ജനവിഭാഗത്തോട് കൂടുതൽ അവബോധവും ഐക്യദാർഢ്യവും ഉണ്ടാകുവാൻ സഹായിച്ചെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

You might also like