എയർ ഇന്ത്യഎക്സ്പ്രസിലെ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് : മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള 450 പേരുടെ യാത്ര മുടങ്ങി.

0

മസ്കത്ത്: എയർ ഇന്ത്യഎക്സ്പ്രസിലെ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്മൂലം വിമാനങ്ങൾ റദ്ദാക്കിയതോടെ ഇന്ന് മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള 450 ആളുകളുടെ യാത്രമുടങ്ങി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-തിരുവനന്തപുരം, മസ്കത്ത്-കൊച്ചി എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വ്യാഴാഴ്ച മസ്കത്തിൽ നിന്നുള്ള കണ്ണൂർ, കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഐ.എക്സ് 338, ഐ.എക്സ് 714 എന്നീ വിമാനങ്ങളാണ് യഥാക്രമം റദ്ദാക്കിയിരിക്കുന്നത്.

മസ്കത്തിൽ നിന്ന് അത്യാവശ്യകാര്യങ്ങൾക്കായി നാട്ടിൽപോകാൻ നിന്നവരെയാണ് വിമാനങ്ങളുടെ റദ്ദാക്കൽ ഏറെ വലച്ചത്. പലരും ചികിത്സക്കായും വീട്ടിലെയും മറ്റും അത്യാവശ്യങ്ങൾക്കായും തിരിച്ചവരായിരുന്നു. യാത്ര മുടങ്ങിയവരിൽ ഒമാനി പൗരൻമാരും ഉൾപ്പെടുന്നുണ്ട്. ഇവരും കേരളത്തിലേക്ക് ചികിത്സക്കായി തിരിച്ചവരായിരുന്നു. മസ്കത്ത് വിമാനത്താവളത്തിലും 35ഓളംപേരാണ് കുടുങ്ങികിടക്കുന്നത്.

സുഹാർ, ബുറൈമി, നിസ്‌വ, ഇബ്ര തുടങ്ങിയ ഒമാന്‍റെ ദൂരസ്ഥലങ്ങളിൽനിന്ന് പുലർച്ചെ എത്തിയവരായിരുന്നു ഇവരിൽ അധികപേരും. തങ്ങൾക്ക് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. മസ്കത്തിലേക്കുള്ള വിമാന റദ്ദാക്കിയതിനാൽ തിരുവനന്തപുരം, കണ്ണൂർ, കൊച്ചി എന്നീ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെയാണ് വിമാനം റദ്ദാക്കിയതെന്നും തൊഴിൽ ആവശ്യങ്ങൾക്ക് പോകുന്നവരെയാണ് ഏറെ ദുരിതത്തിലാക്കിയതെന്നും യാത്രക്കാർ പറഞ്ഞു.

You might also like