സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിന് ഒത്തുതീർപ്പിന് സഹായിച്ച വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി
റിയാദ്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിന് ഒത്തുതീർപ്പിന് സഹായിച്ച വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി. ഒന്നര കോടിയിലേറെ രൂപ കേരളത്തിൽ നിന്നും റിയാദ് എംബസിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഗവർണറേറ്റിൽ നിന്നുള്ള കത്ത് ലഭിച്ചാലാണ് കോടതി നടപടികൾ പൂർത്തിയാക്കുക. ഈ കത്തിനായി പ്രതിഭാഗവും വാദി ഭാഗവും ഉടൻ ഗവർണറേറ്റിൽ ഒന്നിച്ചെത്തിയേക്കും
റഹീമിന്റെ കേസിൽ മോചനത്തിന് ഇടനിലക്കാരനായി നിന്ന വാദി ഭാഗം വക്കീലിനുള്ള ഏഴര ലക്ഷം സൗദി റിയാലാണ് ഇന്ന് എംബസി അക്കൗണ്ടിലെത്തിയത്. ഈ തുക എംബസി മുഖേന തന്നെ വക്കീലിന് കൈമാറും. അഭിഭാഷകനുമായുള്ള കരാറും ചേംബർ ചെയ്ത് ലഭിച്ചിട്ടുണ്ട്. ഇതോടെ പ്രധാന കടമ്പ തീരും. ദിയാധനം സ്വീകരിച്ച് മാപ്പു നൽകാൻ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം കോടതിയെ സമ്മതം അറിയിച്ചിരുന്നു. ഇതോടെ ഘട്ടം ഘട്ടമായുള്ള നടപടി ക്രമങ്ങൾ തുടങ്ങി.
കോടതി റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഗവർണറേറ്റിൽ നിന്നും സമ്മതം ലഭിക്കണം. ഗവർണറേറ്റ് സമ്മതം നൽകണമെങ്കിൽ മോചനദ്രവ്യത്തിന്റെ ചെക്കിന്റെ കോപ്പിയോടൊപ്പം രേഖകൾ സമർപ്പിക്കണം. ഒപ്പം കൊല്ലപ്പെട്ട കുടുംബത്തിന്റെ സമ്മതവും ഗവർണറേറ്റിൽ രേഖാമൂലം എത്തണം. ഇവ വേഗത്തിൽ പൂർത്തിയാക്കുകയാണ് പ്രധാന കടമ്പ. ഇതിനായി ഗവർണറ്റിലേക്ക് കൊല്ലപ്പെട്ട കുട്ടിയുടെ കക്ഷികളുമായി ധാരണയിലെത്തും.
തുക ഗവർണറേറ്റ് പറയുന്ന രീതിയിൽ സൗദിയിലേക്ക് നൽകാൻ കാത്തിരിക്കുകയാണ് റഹീം സഹായസമിതി. ഇവയെല്ലാം നൽകുന്നതോടെ ഇവ സംബന്ധിച്ച മുഴുവൻ രേഖകളും ഗവർണറേറ്റ് കോടതിക്ക് കൈമാറും.