റഫ ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് നെതന്യാഹു ; ആദ്യം പുറത്താക്കേണ്ടത് നെതന്യാഹുവിനെയെന്ന് പ്രതിപക്ഷ നേതാവ്

0

ദുബൈ: റഫ ആക്രമണ പദ്ധതിയിൽ നിന്ന്​ പിറകോട്ടില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ​ബെഞ്ചമിന്‍ നെതന്യാഹു. റഫക്കു നേരെ വ്യാപക ആക്രമണത്തിന്​ ഒരുങ്ങുന്നതായ റിപ്പോർട്ടുകൾക്കിടെയാണ്​ ലക്ഷ്യം നേടും വരെ പിൻവാങ്ങി​ല്ലെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനം. അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളുടെ സമ്മർദം തള്ളിയ നെതന്യാഹു, ഹമാസിന്‍റെ സൈനിക സംവിധാനങ്ങൾ പൂർണമായും തകർക്കുമെന്നും മുന്നറിയിപ്പ്​ നൽകി. നെതന്യാഹുവിനെതിരെയുള്ള ജനരോഷം ഇസ്രായേലിൽ തുടരുകയാണ്​. ബന്ദികളുടെ ബന്ധുക്കൾ ഇന്നലെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഹമാസിനും മുമ്പ്​ പുറന്തള്ളേണ്ടത്​ നെതന്യാഹുവിനെയാണെന്ന്​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ് പറഞ്ഞു​. ഗസ്സയിൽ സൈനികർ കൊല്ലപ്പെടുന്നതിന്‍റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം 5 സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തത്​ സൗഹൃദ വെടിവെപ്പിലാണെന്ന്​ ഇസ്രായേൽ സൈന്യത്തിന്‍റെ വിശദീകരണം. സംഭവത്തെ കുറിച്ച്​ അന്വേഷിച്ചു വരികയാണെന്നും സൈനിക വക്​താവ് അറിയിച്ചു​. അതേസമയം, ഇന്നലെ 15 സൈനികർക്ക്​ കൂടി പരിക്കേറ്റതായി ഇസ്രായേൽ വെളിപ്പെടുത്തി. വടക്കൻ ഇസ്രായേൽ അതിർത്തി കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ല നടത്തിയ ആക്രമണത്തിലാണ്​ ഇതിൽ നാലു സൈനികർക്ക്​ പരിക്കേറ്റത്​. ഹിസ്​ബുല്ല അയച്ച നൂറുകണക്കിന്​ മിസൈലുകൾ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക്​ വൻതോതിൽ നാശം വരുത്തിയെന്നും റിപ്പോർട്ടുണ്ട്​. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ നടപടികൾ അതിന്‍റെ മൂർധന്യത്തിലെത്തിയെന്നും ഫലസ്​തീൻ ജനതയെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അന്താരാഷ്​ട്ര നീതിന്യായ കോടതിക്കു മുമ്പാകെ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. വംശഹത്യാ കേസിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്ക കൈമാറിയ പുതിയ പരാതിയിലാണ്​ ഹേഗിലെ കോടതിയിൽ വാദം ആരംഭിച്ചത്​. ഇസ്രായേലിന്‍റെ വാദം ഇന്ന്​ നടക്കും

You might also like