
റാഫ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേലിന്റെ ബോംബ് ആക്രമണം ; 45 മരണം
ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫയിൽ അഭയാർത്ഥി ക്യാമ്പ് ബോംബിട്ട് തകർത്ത ഇസ്രയേലിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തം. താൽ അൽ – സുൽത്താൻ ക്യാമ്പിൽ ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ ആക്രമണത്തിൽ വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കം 45 പേർ കൊല്ലപ്പെട്ടു.249 പേർക്ക് പരിക്കേറ്റു. കൂടാരങ്ങളിൽ ഉറങ്ങിക്കിടന്ന കുട്ടികൾ അടക്കം ജീവനോടെ ചുട്ടെരിക്കപ്പെട്ടതായി പാലസ്തീൻ റെഡ് ക്രെസന്റ് സംഘടന പ്രതികരിച്ചു. സുരക്ഷിത മേഖലയിൽ ഉൾപ്പെട്ട ക്യാമ്പിലേക്ക് എട്ട് മിസൈലുകൾ പതിച്ചെന്നാണ് വിവരം. പിന്നാലെയുണ്ടായ അതിശക്തമായ തീപിടിത്തത്തിൽ ടെന്റുകൾ കത്തിക്കരിഞ്ഞു.ഞായറാഴ്ച ടെൽ അവീവിന് നേരെ റാഫയിൽ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തിയിരുന്നു. നാല് മാസങ്ങൾക്ക് ശേഷം മദ്ധ്യ ഇസ്രയേലിൽ ഹമാസ് നടത്തിയ ഈ മിന്നലാക്രമണത്തിന്റെ പ്രതികാരമാണ് റാഫയിൽ സംഭവിച്ചത്.