ഇസ്രായേലില്‍ അതിപുരാതന ബൈബിള്‍ ചുരുള്‍ശകലങ്ങള്‍ കണ്ടെത്തി

0

ടെല്‍ അവീവ്: പഴയനിയമത്തിലെ ബൈബിള്‍ ലിഖിതങ്ങള്‍ അടങ്ങിയ ചുരുള്‍ശകലങ്ങള്‍ ഇസ്രായേലി ഗവേഷകര്‍ യൂദയന്‍ മരുഭൂമിയിലെ ഗുഹയില്‍നിന്നു കണ്ടെത്തി. കേവ് ഓഫ് ഹൊറര്‍ എന്ന ഗുഹയില്‍നിന്നാണ് ഡസന്‍കണക്കിനു തുകല്‍ ചുരുള്‍ശകലങ്ങള്‍ ലഭിച്ചത്. എഴുപതു വര്‍ഷം മുന്പ് ചാവുകടല്‍ ചുരുളുകള്‍ ലഭിച്ചശേഷം ബൈബിളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കണ്ടെത്തലാണിത്. ഗ്രീക്കില്‍ കാണുന്ന ചുരുളില്‍ ബൈബിളിലെ സഖറിയാ, നാഹും പ്രവാചകന്മാരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് ഇവയിലുള്ളത്. ബിസി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ യൂദയാ കീഴ്‌പ്പെടുത്തിയശേഷം ഗ്രീക്കായിരുന്നു അവിടുത്തെ സാഹിത്യഭാഷ. എന്നാല്‍, ദൈവത്തിന്റെ നാമം മാത്രം ഹീബ്രുവിലാണ്.

രണ്ടാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തിനെതിരേ നടന്ന ബര്‍ കോഖ്ബാ വിപ്ലവത്തില്‍ പരാജയപ്പെട്ട് മരുഭൂമിയില്‍ അഭയം തേടിയ യഹൂദന്മാരുടെതാണ് ഈ ചുരുളുകളെന്നാണ് ഗവേഷകരുടെ അനുമാനം. വിപ്ലവകാലത്ത് യഹൂദന്മാര്‍ അടിച്ചിറക്കിയ നാണയങ്ങളുടെ ശേഖരം, ആറായിരം വര്‍ഷം മുന്പ് ജീവിച്ചിരുന്ന കുഞ്ഞിന്റെ മമ്മിയാക്കി സൂക്ഷിച്ച മൃതദേഹം, 10,500 വര്‍ഷം പഴക്കമുള്ളതും നാരുകള്‍ കൊണ്ടുണ്ടാക്കിയതുമായ ഒരു കുട്ട എന്നിവയും കേവ് ഓഫ് ഹൊററില്‍നിന്നു കണ്ടെത്തി. 1948 മുതല്‍ യൂദയന്‍ ഗുഹകളില്‍നിന്ന് ബൈബിള്‍ കയ്യെഴുത്തു പ്രതികളുടെ അനേകം ചുരുള്‍ശകലങ്ങളും 40 അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. മരുഭൂമിയിലെ ഗുഹകള്‍ കൊള്ളയടിക്കപ്പെടുന്നതു തടയാനുള്ള നീക്കത്തിനിടെയാണ് വീണ്ടും ചുരുളുകള്‍ കണ്ടെത്തിയത്.

You might also like