ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കും; മോദിയെ പ്രശംസിച്ച് നെതന്യാഹു

0

ജെറുസലേം: തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മോദിയുടെ വിജയത്തോടെ ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന പ്രത്യാശയും നെതന്യാഹു കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം

“തുടർച്ചയായ മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാൻ എൻ്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുയരട്ടെ,” നെതന്യാഹു കുറിച്ചു.

1992ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും മോദിക്ക് അഭിനന്ദനം അറിയിച്ച് രം​ഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനും വിവിധ വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മെലോണി അറിയിച്ചു.

സിം​ഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു എന്നിവരും മോദിയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.

400 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 350 സീറ്റ് നേടിയ എൻ.ഡി.എ സഖ്യം ഇക്കുറി 291 സീറ്റിലേക്ക് ഒതുങ്ങി. ഒറ്റക്ക് കേവല ഭൂരിപക്ഷം കടക്കാൻ ഇക്കുറി ബി.ജെ.പിക്ക് സാധിച്ചില്ല. 233 സീറ്റുകൾ നേടിയ ഇൻഡ്യ സഖ്യം വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.

You might also like