രാജ്യം കടുത്ത ചൂടിലേക്ക്; ഇനിയുള്ള ദിനങ്ങളില്‍ പകല്‍ താപനില ഗണ്യമായി ഉയരും

0

ദോഹ : രാജ്യം കടുത്ത ചൂടിലേക്ക്. ഇനിയുള്ള ദിനങ്ങളില്‍ പകല്‍ താപനില ഗണ്യമായി ഉയരും.  ഇന്നു മുതല്‍ 39 ദിവസം പകല്‍ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ആണ് അറിയിച്ചിരിക്കുന്നത്. പ്രാദേശികമായി മിര്‍ബാന്യ (Mrbaanya) എന്നാണ് ഇക്കാലം അറിയപ്പെടുക. പകല്‍ താപനില ഗണ്യമായി ഉയരുന്നതിനാല്‍ വേനല്‍ക്കാലത്തിന്‍റെ യഥാര്‍ഥ തുടക്കമാണിതെന്നാണ് കലണ്ടര്‍ ഹൗസ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വര്‍ഷത്തില്‍  ഏറ്റവും ഉയരത്തില്‍ സൂര്യന്‍ എത്തുന്ന കാലമാണിത്. യഥാര്‍ഥ വേനല്‍ക്കാലത്തിന്‍റെ തുടക്കം മാത്രമല്ല വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനം കൂടിയാണിത്. വേനല്‍ക്കാല നക്ഷത്രങ്ങളായ അല്‍ തുറായ, അല്‍ ദബാറന്‍, അല്‍ ഹഖ എന്നിവയെ ആകാശത്ത് ദൃശ്യമാകുന്ന കാലം കൂടിയാണിതെന്നും അധികൃതര്‍ വിശദമാക്കി.

ഈ വാരാന്ത്യം പകല്‍ താപനില കനക്കുമെന്ന് നേരത്തെ ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അധികൃതരും വ്യക്തമാക്കിയിരുന്നു. ഇന്നും നാളെയും പകല്‍ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഈ ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനം ശനിയാഴ്ച ആയിരിക്കും. നാളെ കൂടിയ താപനില 43 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

You might also like