‘എന്റെ കമ്പനികളിൽ ഐഫോണും മാക്ബുക്കും നിരോധിക്കും’; മുന്നറിയിപ്പുമായി ഇലോൺ മസ്‌ക്
ന്യൂയോർക്ക്: ആപ്പിളിന്റെ വാർഷിക പരിപാടിയായ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിന്റെ(ഡബ്ല്യു.ഡബ്ല്യു.ഡി.സി 2024) ആദ്യദിനം തന്നെ നിരവധി സർപ്രൈസ് വാർത്തകളാണു പുറത്തുവരുന്നത്. ഐ.ഒ.എസ് 18 സോഫ്റ്റ്‌വെയർ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സംയോജിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ചാറ്റ്ജിപിടിയെ തങ്ങളുടെ ഡിവൈസുകളിൽ ചാറ്റ്‌ബോട്ടായി ഉപയോഗപ്പെടുത്താനായി ഓപൺഎ.ഐയുമായി സഹരിക്കുമെന്ന കാര്യവും ആപ്പിൾ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌ക് ഈ നീക്കത്തിൽ അതൃപ്തി പരസ്യമാക്കിക്കഴിഞ്ഞു. ഐഫോൺ ഓപൺഎ.ഐയുമായി സഹകരിച്ചാൽ തന്റെ കമ്പനികളിൽ ഐഫോണും മാക്ബുക്കും ഉൾപ്പെടെ നിരോധിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് മസ്‌ക്. ആപ്പിൾ സി.ഇ.ഒ ടിം കുക്കിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐഫോണുകളിലും ഐപാഡുകളിലും മാക്ബുക്കുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വന്തം പതിപ്പായ ആപ്പിൾ ഇന്റലിജൻസ് അവതരിപ്പിക്കുകയാണെന്നായിരുന്നു കുക്കിന്റെ പ്രഖ്യാപനം.