ചരിത്ര നിയമനങ്ങള്‍ തുടരുന്നു: പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിത
റോം: വത്തിക്കാനിലെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുടെ ചുമതലകളിലേക്ക് വനിതകളെ നിയമിക്കുന്നത് ഫ്രാന്‍സിസ് പാപ്പ തുടരുന്നു. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെ നിയമിച്ചതാണ് ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്ന നിയമനം. സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസാണ് ചരിത്രത്തില്‍ ആദ്യമായി ഈ പദവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. മിഷ്ണറി ഡോട്ടേഴ്സ് ഓഫ് ദി ഹോളി ഫാമിലി ഓഫ് നസ്രത്ത് സന്യാസിനി സമൂഹത്തിലെ അംഗവും ബാഴ്സലോണ സ്വദേശിനിയുമായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസ് നിലവില്‍ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിലെ ബൈബിള്‍ പഴയനിയമത്തില്‍ ക്ലാസുകള്‍ നല്‍കുന്ന അധ്യാപികയാണ്.
വനിതകൾക്ക് ഡീക്കൻ പട്ടം നൽകാമോ എന്ന വിഷയത്തെ പറ്റി പഠിക്കാൻ പാപ്പ നിയമിച്ച കമ്മീഷനിലെ അംഗമായും മൂന്നു വർഷക്കാലം അവർ പ്രവർത്തിച്ചിരുന്നു. 2014 ബിബ്ലിക്കൽ കമ്മീഷൻ അംഗമായി നിയമിതയായ സിസ്റ്റർ നൂറിയയെ ഇക്കഴിഞ്ഞ മാർച്ച് ഒന്‍പതിനാണ് മാർപാപ്പ സുപ്രധാന പദവിയിലേക്ക് ഉയർത്തിയത്. കമ്മീഷൻ അംഗം എന്ന നിലയിൽ 2025 വരെയാണ് സിസ്റ്ററുടെ പ്രവര്‍ത്തനകാലയളവ്. ഇതു കൂടാതെ മറ്റനേകം പദവികളും അവർ വഹിക്കുന്നുണ്ട്. സഭയുടെ ജീവിതത്തിലും, മിഷനിലുമുള്ള ദൈവവചനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചർച്ചചെയ്യാൻ 2008 നടന്ന മെത്രാൻമാരുടെ സിനഡിൽ വിദഗ്ധ എന്ന പദവിയിൽ സിസ്റ്റർ പങ്കെടുത്തിരുന്നു.
തന്നെ പാപ്പ ഏൽപ്പിച്ച പുതിയ ദൗത്യത്തെ പറ്റി കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് സിസ്റ്റർ നൂറിയ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. വനിത എന്ന നിലയിൽ ലഭിക്കുന്ന ഈ നിയമനം സഭയിൽ പുതിയ വാതായനങ്ങൾ തുറക്കാൻ കാരണമായേക്കാമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. സ്ത്രീകളുടെ താൽപര്യങ്ങളും, അവരുടെ ചിന്താഗതികളും ദൈവവചന ഗവേഷണ മേഖലയിൽ വലിയ സംഭാവനകൾ കൊണ്ടുവരും. പണ്ടത്തേതിനേക്കാൾ നിരവധി അവസരങ്ങൾ ഇപ്പോൾ സ്ത്രീകൾക്ക് പുസ്തക പ്രസിദ്ധീകരണത്തിലടക്കം ലഭിക്കുന്നുണ്ടെന്നും സിസ്റ്റർ നൂറിയ കാൽഡുച്ച് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.