യുവാവിന്റെ സമയോജിത ഇടപെടല്‍ ബിനുവിന് ഇത് പുതു ജീവന്‍

0

വടകര: കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലിലൂടെ യുവാവ് രക്ഷപ്പെടുത്തി.

അരൂര്‍ സ്വദേശി നടുപ്പറമ്ബില്‍ ബിനുവിനാണ് (38) കീഴല്‍ തയ്യല്‍മീത്തല്‍ സ്വദേശി ബാബുരാജ് രക്ഷകനായത്.

ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ക്ഷേമനിധി പണം അടക്കാന്‍ കേരള ബാങ്കിന്റെ എടോടി ശാഖയില്‍ എത്തിയതായിരുന്നു ബാബുരാജ്. സമയമാകാത്തതിനാല്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ബിനുവും വേറെ രണ്ടു പേരും നില്‍പ്പുണ്ടായിരുന്നു. ചുറ്റുമുളള കാഴ്ചകള്‍ കണ്ടു നില്‍ക്കുന്നതിനിടയില്‍ ബാബുരാജ് തല തിരിച്ചപ്പോഴാണ് തൊട്ടടുത്തു നിന്നയാള്‍ പതുക്കെ താഴേക്കു മറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തെല്ലും പതറാതെ ബാബുരാജ് ബിനുവിന്റെ ഒരു കാലില്‍ പിടികൂടി. അപ്പോഴേക്കും പൂര്‍ണമായി ബിനു തലകീഴായി മറിഞ്ഞിരുന്നു. സാഹസികമായി കാലില്‍ പിടിച്ച്‌ നിര്‍ത്തുകയായിരുന്ന ബിനുവിനെ ഓടിവന്ന മറ്റുള്ളവരും ബാങ്ക് ഗണ്‍മാന്‍ വിനോദും ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ബിനുവിനു പരിക്കുകള്‍ ഇല്ലെങ്കിലും ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

You might also like