കുവൈത്ത് മംഗഫിലെ കെട്ടിടത്തിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ടെത്തൽ
കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫിലെ കെട്ടിടത്തിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ടെത്തൽ. സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചത്.
സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം കഴിഞ്ഞദിവസം പൂർത്തിയാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് തീപിടിത്തമുണ്ടായത്. ഇത് സാങ്കേതിക പരിശോധനയിൽ നിന്ന് വ്യക്തമായതായും അധികൃതർ അറിയിച്ചു.
തീപിടിത്തത്തിൽ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം.