സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ: രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത. രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്