ഓസ്‌ട്രേലിയയില്‍ 16 വയസു വരെയുള്ള കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍നിന്ന് വിലക്കാനുള്ള നീക്കത്തിന് പിന്തുണയേറുന്നു
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയാ ഉപയോഗം നിരോധിക്കാനുള്ള ഫെറഡല്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ചൂടുപിടിക്കുന്നു. 16 വയസിന് താഴെയുള്ളവരെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാനും കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. സമീപകാലത്ത് സിഡ്‌നിയിലെ ഒരു പള്ളിയിലും പെര്‍ത്തിലും നടന്ന തീവ്രവാദപ്രേരിതമായ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സമൂഹത്തിന്റെ നാനഭാഗങ്ങളില്‍ നിന്ന് പിന്തുണയേറുന്നുണ്ട്.
പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ 100 ദിവസത്തിനകം നിരോധനം നടപ്പാക്കുമെന്ന് അദ്ദേഹം ഒരു പടികൂടി കടന്ന് പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ നീക്കങ്ങള്‍ വേഗത്തിലായി.
സോഷ്യല്‍ മീഡിയാ ഉപയോഗം കുട്ടികളുടെ മാനസിക വളര്‍ച്ചയെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഫെഡറല്‍ സര്‍ക്കാര്‍. കുട്ടികളുടെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റത്തിലും സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും പങ്കുവയ്ക്കുന്ന ആശങ്കകളും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനും അക്കൗണ്ടുകള്‍ തുറക്കാനുള്ള പ്രായം 13ല്‍ നിന്ന് 16 ആക്കാനുമുള്ള ക്യാമ്പയ്‌നെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും പ്രതിപക്ഷവും പിന്തുണയ്ക്കുന്നുണ്ട്. പ്രായം സ്ഥിരീകരിക്കുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായി ഫെഡറല്‍ ഗവണ്‍മെന്റ് 6.5 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ അനുവദിക്കുകയും ചെയ്തു.
അതേസമയം, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കര്‍ശനമായ പ്രായ പരിശോധനാ പ്രക്രിയകള്‍ നടപ്പാക്കുമ്പോള്‍ അത് കുട്ടികളുടെ സ്വകാര്യതയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്.