നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ 4ന് തുടക്കം

0

ഹൂസ്റ്റൻ : നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുകയാണ്. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന സുവിശേഷ മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം ഒരുങ്ങുന്നത്. 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വെച്ചാണ് ദേശീയ കോൺഫറൻസ് നടത്തപ്പെടുന്നത്.
മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത പിതാക്കന്മാർ, ത്യാഗ മനോഭാവത്തോടെ നട്ടു വളർത്തിയ ഈ കൂട്ടായ്മ ഏകദേശം നാല് പതിറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു. കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും കോൺഫ്രൻസുകളിൽ എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനത്തിൽ വിത്യസ്തമായ ദൈവീകാനുഭവങ്ങളെ അറിയുവാനും അനുഭവിക്കുവാനുമുള്ള അവസരമാണ് വിശ്വാസ സഹോദരങ്ങൾക്ക് ലഭ്യമാകുന്നത്. ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കർത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലർത്തി സമുഹത്തിനും സഭകൾക്കും മാതൃക കാണിക്കുവാൻ, പ്രതിവർഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നും കോൺഫ്രൻസുകളിൽ എത്തിച്ചേരുന്നു. സത്യ ദൈവത്തെ ആരാധിക്കുവാനും, ആദ്യമസഭ അനുഭവിച്ച പെന്തക്കോസ്ത് അനുഭവത്തെ ദർശിക്കുവാനും, കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും, ബദ്ധങ്ങൾ പുതുക്കുവാനുമുള്ള അവസരങ്ങൾ പരമാവധി പ്രയോജനപെടുത്തുവാൻ ദൈവമക്കൾ തയ്യാറായിക്കഴിഞ്ഞു.
“മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം.

You might also like