സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കോട്ടയത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ദേവികുളം താലൂക്കില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഇടുക്കിയുടെ മലയോര മേഖലയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മലങ്കര ഡാം തുറന്നു. മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വിവരപ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂന മര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഗുജറാത്തിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു.

You might also like