മയക്കുമരുന്ന് കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ; ഉത്പാദനവും കടത്തും തടയുക നമ്മുടെ ധാർമിക ഉത്തരവാദിത്വം: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: മയക്കുമരുന്ന് കടത്തുകാർ മരണവ്യാപാരികൾ ആണെന്ന് ഫ്രാൻസിസ് മാർപാപ്പ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായ ജൂൺ 26ന് വത്തിക്കാനിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ പ്രഭാഷണം നടത്തുകയായിരുന്നു മാർപാപ്പ. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 1987ൽ ആണ് ഈ ദിനം ഏർപ്പെടുത്തിയത്. ഈ ആചരണത്തിന്റെ ഇക്കൊല്ലത്തെ പ്രമേയം ‘തെളിവുകൾ സുവ്യക്തമാണ്: പ്രതിരോധത്തിനായി മുതൽമുടക്കണം’ എന്നതാണ്.
മയക്കുമരുന്ന് ഉത്പാദനവും മയക്കുമരുന്ന് കടത്തും തടയുകയെന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണെന്ന് മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്നു. ചില രാജ്യങ്ങളിൽ നടപ്പാക്കിയത് പോലെ മയക്കുമരുന്നിന്റെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്ന് ആശ്രിതത്വം കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുമ്പോൾ ഒരുവൻ അതു കൂടുതൽ ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്ത കഥകൾ അറിയാവുന്നതിനാൽ അപകടരമായ ഈ വസ്‌തുക്കളുടെ ഉത്പാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണ് – മാർപാപ്പ പറഞ്ഞു