ഓസ്‌ട്രേലിയയില്‍ വീണ്ടും കത്തി ആക്രമണം

0

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വീണ്ടും കത്തി ആക്രമണം. സിഡ്നി യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ അതിക്രമിച്ചു കയറിയ 14 വയസുകാരന്‍ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പിച്ചു. 22 വയസുള്ള വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റെങ്കിലും വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സൈനിക വസ്ത്രം ധരിച്ച് ആക്രമണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇന്നു രാവിലെ 8.30-യോടെയാണു സംഭവം. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനെ തുടര്‍ന്ന് പാരാമെഡിക്കല്‍ ജീവനക്കാരെ സര്‍വകലാശാലയിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് വക്താവ് പറഞ്ഞു. 14 കാരനും വിദ്യാര്‍ത്ഥിയും പരസ്പരം അറിയുന്നവരല്ലെന്നും സമൂഹത്തിന് അപകട ഭീഷണിയില്ലെന്നും പൊലീസ് പറഞ്ഞു. ‘പ്രതിയുടെ ഉദ്ദേശ്യമോ പ്രത്യയശാസ്ത്രമോ ഇതുവരെ വ്യക്തമല്ല, എന്നാല്‍ യുവാക്കള്‍ ഓണ്‍ലൈനില്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്’ – ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ക്ക് വാള്‍ട്ടണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആക്രമണത്തിനു ശേഷം ബസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ആശുപത്രിക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ഏറെ നേരം പ്രവേശനം തടയുകയും ചെയ്തിരുന്നു

You might also like