അന്താരാഷ്‌ട്ര വിദ്യാർഥികള്‍ക്കുള്ള വിസ നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്‌ട്രേലിയ
അന്താരാഷ്‌ട്ര വിദ്യാർഥികള്‍ക്കുള്ള വിസ നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്‌ട്രേലിയ. രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ജൂലൈ 1 മുതൽ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറില്‍ നിന്ന് 1,600 ആയി ഉയർത്തിയിരിക്കുകയാണ്. അതോടൊപ്പം സന്ദർശക വിസയുള്ളവരെയും താത്കാലിക ബിരുദ വിസയുള്ള വിദ്യാർഥികളെയും ഓൺഷോർ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
“ഇന്ന് പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ നമ്മുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനോടൊപ്പം മികച്ച ഒരു കുടിയേറ്റ സംവിധാനം സൃഷ്ടിക്കാനും സഹായിക്കും,” ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പ്രസ്താവനയില്‍ പറഞ്ഞു. 2023 സെപ്‌റ്റംബർ 30 വരെയുള്ള കാലയളവിൽ രാജ്യത്തെ മൊത്തം കുടിയേറ്റം 60% വർധിച്ച് 5.48 ലക്ഷം പേരായതായി മാർച്ചിൽ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിൽ സൂചിപ്പിക്കുന്നു.