യുകെയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തിന് തിളക്കംകൂട്ടി മലയാളിയും; കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചത് ആഷ്‌ഫോര്‍ഡിൽ

0

2024-ലെ യുകെ പൊതുതിരഞ്ഞടുപ്പില്‍ വിജയിച്ചവരില്‍ മലയാളി സാന്നിധ്യവും. കോട്ടയം സ്വദേശി സോജന്‍ ജോസഫാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കെന്‌റിലെ മണ്ഡലങ്ങളിലൊന്നായ ആഷ്‌ഫോര്‍ഡില്‍ നിര്‍ണായക വിജയം നേടിയത്. കണ്‍സര്‍വേറ്റീവ് ആന്‍ഡ് യൂണിയനിസ്റ്റ് പാര്‍ട്ടി ഡാമിയന്‍ ഗ്രീനിനെ 1799 വോട്ടിന്‌റെ ഭൂരിപക്ഷത്തിലാണ് സോജന്‍ പരാജയപ്പെടുത്തിയത്. ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജന്‍ ജോസഫ് എന്ന പ്രത്യേകതയുമുണ്ട്.

ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 32.5 ശതമാനം വോട്ട് വിഹിതം സോജന്‌റേതായി രേഖപ്പെടുത്തി, 2019ലേതിനെക്കാള്‍ 8.7 ശതമാനം വോട്ട് വര്‍ധിപ്പിക്കാനും സോജന് സാധിച്ചു.

പൊതുവേ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ആഷ്‌ഫോര്‍ഡ്. അവിടെയാണ് മലയാളിയായ സോജന്‍ മിന്നുംവിജയം കരസ്ഥമാക്കിയത്. നിലവില്‍ എയില്‍സ്‌ഫോര്‍ഡിനെയും ഈസ്റ്റ് സ്‌റ്റോര്‍ വാര്‍ഡിനെയും പ്രതിനിധീകരിക്കുന്ന ബറോ കൗണ്‍സിലറാണ് സോജന്‍ ജോസഫ്.

22 വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലിചെയ്യുന്ന മാനസികരോഗ്യ വിഭാഗം നഴ്‌സാണ് സോജന്‍. നിലവില്‍ രോഗികളുടെ സുരക്ഷാവിഭാഗം, നഴ്‌സിങ് എന്നിവയുടെ തലവനാണ്. അരുണ്ടേല്‍ യൂണിറ്റിലെ വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ ജൂനിയര്‍ നഴ്‌സായാണ് സോജന്‍ തന്‌റെ എന്‍എച്ച്എസ് കരിയര്‍ ആരംഭിച്ചത്. ആഷ്‌ഫോര്‍ഡിലെ എംപിഎന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സമീപിക്കാമെന്നും സമൂഹത്തിനുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു.
You might also like