കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ഒടുവില്‍ കത്തോലിക്ക ദേവാലയം റഷ്യന്‍ സഭയ്ക്ക് തിരികെ ലഭിച്ചു

0

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കാല്‍ നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവിൽ ഉത്തര റഷ്യയിലെ പുരാതന നഗരമായ നോവ്ഗറോഡിലുളള സെന്റസ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ ദേവാലയം സർക്കാരിൽ നിന്നും സഭയ്ക്ക് തിരികെ ലഭിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിന് 200 കിലോമീറ്റർ മാറിയാണ് നോവ്ഗറോഡ് നഗരം സ്ഥിതി ചെയ്യുന്നത്. ദേവാലയം തിരികെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി മാർച്ച് പതിനഞ്ചാം തീയതിയാണ് ഒപ്പുവെക്കപ്പെട്ടത്. ഇതിനുപിന്നാലെ മോസ്കോ അതിരൂപതാ സഹായ മെത്രാൻ നിക്കോളാജ് ഡുബിനിൻ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. അടുത്തിടെ അദ്ദേഹം ഇവിടെ ഇടയ സന്ദർശനം നടത്തിയിരുന്നു. പോളണ്ടിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ടായിരത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികളാണ് 1893ൽ നോവ്ഗറോഡ് നഗരത്തിൽ ദേവാലയം നിർമ്മിക്കുന്നത്. എന്നാൽ 1933ൽ ബോൾഷെവിക്കുകൾ ഇതൊരു സിനിമ തിയേറ്ററാക്കി മാറ്റി.

1996 മുതൽ ചില പ്രാദേശിക കത്തോലിക്കാ വിശ്വാസികൾ ദേവാലയത്തിന്റെ ഒരുഭാഗം ആരാധന കാര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങി. 2009-10 കാലഘട്ടത്തിൽ സോവിയറ്റ് വിപ്ലവ സമയത്ത് തകർക്കപ്പെട്ട ദേവാലയത്തിന്റെ ഗോപുരങ്ങൾ പുനർനിർമ്മിക്കാൻ സഭയ്ക്ക് സാമ്പത്തിക സഹായം സർക്കാർ നൽകിയിരുന്നു. ‘ദേശീയ മൂല്യമുള്ള നിർമ്മിതി’ എന്ന പദവിയും ഇതിനിടയിൽ ദേവാലയത്തിനു ലഭിച്ചു. ഇപ്പോൾ സർവ്വ സ്വാതന്ത്ര്യവും ദേവാലയത്തിന് മേൽ റഷ്യന്‍ സഭയ്ക്കു ലഭിച്ചിരിക്കുകയാണ്. ഇതിനിടെ കത്തോലിക്ക വിശ്വാസത്തിനു മേലും, മറ്റ് ന്യൂനപക്ഷ സമൂഹത്തിനുമേലും റഷ്യൻ ജനപ്രതിനിധി സഭയായ ഡ്യൂമ അടുത്തിടെ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് വിദേശത്ത് പഠനത്തിനുവേണ്ടി പോകുന്ന വൈദികര്‍ തിരികെ മടങ്ങി വരുമ്പോൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പുനർ വിദ്യാഭ്യാസത്തിന് വിധേയരാകണം. അവിടെ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റും അത്യാവശ്യമാണ്. പുതിയനിയമത്തിൽ ഏതാനും ചില നല്ല കാര്യങ്ങൾ ഉണ്ടെന്ന് അംഗീകരിച്ചെങ്കിലും, റഷ്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയും, പ്രൊട്ടസ്റ്റ്, ബുദ്ധമത നേതൃത്വവും നിയമത്തെപ്പറ്റി കടുത്ത ആശങ്കയാണ് പങ്കുവെച്ചിരിക്കുന്നത്.

You might also like