ഒമാൻ തലസ്ഥനമായ മസ്കറ്റിൽ മോസ്കിലുണ്ടായ വെടിവയ്പിൽ 9 മരണം
മസ്കറ്റ്: ഒമാൻ തലസ്ഥനമായ മസ്കറ്റിൽ മോസ്കിലുണ്ടായ വെടിവയ്പിൽ ഒന്പതു പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ച നാലു പേർ പാക്കിസ്ഥാൻ പൗരന്മാരാണ്.
മസ്കറ്റിനു കിഴക്ക് വാഡി അൽ കബീറിലുള്ള ഇമാം അലി മോസ്കിൽ ഷിയാ മുസ്ലിംകൾ ആഷൂര അനുസ്മരണത്തിന് ഒത്തുചേർന്നപ്പോഴാണു വെടിവയ്പുണ്ടായത്. അക്രമിയെ വെടിവച്ചു കൊന്നുവെന്നാണു റിപ്പോർട്ട്. കുറ്റകൃത്യങ്ങൾ കുറവായ ഒമാനിൽ ഇത്തരം സംഭവങ്ങൾ അപൂർവമാണ്.
പരിക്കേറ്റവരിലും പാക്കിസ്ഥാൻ പൗരന്മാർ ഉൾപ്പെടുന്നു. പാക് വംശജർ വാഡി അൽ കബീർ മേഖല ഒഴിവാക്കണമെന്ന് ഒമാനിലെ പാക് അംബാസഡർ ഇമ്രാൻ അലി നിർദേശിച്ചു.
അമേരിക്കയും ഒമാനിലുള്ള തങ്ങളുടെ പൗരന്മാർ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.