ഉത്തരകൊറിയയില്‍ നിന്ന് വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയില്‍ പതിച്ചു.
സോള്‍: ഉത്തരകൊറിയയില്‍ നിന്ന് വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയില്‍ പതിച്ചു. പ്രസിഡൻഷ്യൽ ഓഫിസിന്‍റെ വളപ്പിലാണ് ഇത്തവണ ബലൂണുകൾ പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ വാർത്ത ഏജൻസിയായ യോൻഹാപ്പ് അറിയിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ യോൻഹാപ്പ് പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്‌ച രാവിലെയോടെ അതിർത്തി കടന്ന് ബലൂണുകൾ സിയോളിന് വടക്ക് ഭാഗത്തേക്ക് പറക്കുകയായിരുന്നു. വീണുകിടക്കുന്ന വസ്‌തുക്കളില്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്‌താവനയില്‍ അറിയിച്ചു.
കെ-പോപ്പ് ഗാനങ്ങളും ഉത്തര കൊറിയക്കെതിരായ പ്രചാരണ സന്ദേശങ്ങളും ദക്ഷിണ കൊറിയ അതിര്‍ത്തി പ്രദേശങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നത് വർധിപ്പിച്ച സാഹചര്യത്തിലാണ് ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ കൊണ്ട് ആക്രമണം നടത്തുന്നത്.
ഇതാദ്യമായല്ല ഉത്തര കൊറിയ ഇത്തരത്തില്‍ അയല്‍ രാജ്യത്തേക്ക് മാലിന്യം നിറച്ച ബലൂണുകള്‍ പറത്തി വിടുന്നത്. മെയ് അവസാനത്തിന് ശേഷം ഉത്തര കൊറിയ നടത്തുന്ന പത്താമത്തെ ആക്രമണമാണിത്.