അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഇന്ത്യന്‍ വംശജ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍
വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഇന്ത്യന്‍ വംശജ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. ബോയിങ് സ്റ്റാര്‍ലൈനറിന്റെ ഭൂമിയിലേക്കുള്ള മടക്കത്തിന്റെ നടപടിക്രമങ്ങളില്‍ പുരോഗതി ഉണ്ടെങ്കിലും മടങ്ങി വരവിന്റെ തീയതി നാസ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഓഗസ്റ്റ് ആദ്യവാരത്തോടെയായിരിക്കും നാസ അന്തിമ തീരുമാനം അറിയിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് സ്റ്റാര്‍ലൈനര്‍ പ്രോഗ്രാം മാനേജരും വൈസ് പ്രസിഡന്റുമായ മാര്‍ക്ക് നാപ്പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവരെ സുരക്ഷിതമായി തിരിച്ചയക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും നാപ്പി കൂട്ടിച്ചേര്‍ത്തു.
ബോയിംഗ് സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോര്‍ച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി.
ജൂണ്‍ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ കുതിച്ചുയര്‍ന്നത്. ഒരാഴ്ചത്തെ ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.ജൂണ്‍ പകുതിയോടെ തിരിച്ചുവരേണ്ട ഇരുവരും ഒരു മാസത്തിലേറെയായി ഭൂമിയിലേക്ക് മടങ്ങാനാവാതെതിരിക്കുകയാണ്.