ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്ന് നഗരങ്ങളും ഗൾഫ് മേഖലയിൽ

0

ദോഹ : ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്ന് നഗരങ്ങളും ഗൾഫ് മേഖലയിൽ. ഖത്തർ തലസ്ഥാനാമായ ദോഹ, യുഎഇലെ അബുദാബി, അജ്മാന്‍, എന്നീ നഗരങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപനമായ നംബയോ തയാറാക്കിയ അര്‍ധവാര്‍ഷിക ക്രൈം ഇന്‍ഡെക്സിലാണ് ജിസിസി നഗരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പട്ട‌ിക പ്രകാരം ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത്  യുഎഇ നഗരമായ അബുദാബിയാണ്.

രണ്ടാം സ്ഥാനത്ത് അജ്മാനുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഖത്തര്‍ തലസ്ഥാനമായ ദോഹയുടെ ക്രൈം ഇന്‍ഡക്സ് 16.1 ആണ്. കവര്‍ച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ല്‍ കുറഞ്ഞ നഗരങ്ങളെ ഏറ്റവും സുരക്ഷിതമായാണ് കണക്കാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 311 നഗരങ്ങളാണ് പട്ടികയിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളായ പീറ്റെര്‍മെരിറ്റ്സ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവയാണ്കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതലുള്ള നഗരങ്ങള്‍.

കഴിഞ്ഞ വര്‍ഷം മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2021 മുതല്‍ 2024 വരെയുള്ള മൂന്നു വര്‍ഷത്തിനിടെ ഖത്തറിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 17 ശതമാനം കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു

You might also like