പുകയില, മദ്യ ഉത്പന്നങ്ങളുടെ പരസ്യം വേണ്ടെന്ന് ആരോഗ്യമന്ത്രാലയം
ഡൽഹി: പുകയില, മദ്യം അടക്കം ലഹരി പദാർത്ഥങ്ങൾ പ്രോത്‌സാഹിപ്പിക്കുന്ന പരസ്യങ്ങളും പരിപാടികളും ഒഴിവാക്കാൻ ബി.സി.സി.ഐയ്‌ക്കും സായിക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ക്രിക്കറ്റ് താരങ്ങൾ പുകയില, മദ്യം എന്നിവയുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കുന്ന പരസ്യങ്ങളുമായി സഹകരിക്കുന്നത് തടയണമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിക്ക് അയച്ച കത്തിൽ ഹെൽത്ത് സർവീസസ് മേധാവി പ്രൊഫ. അതുൽ ഗോയൽ നിർദ്ദേശിച്ചു. പുകയിലയും മദ്യവും പ്രോത്സാഹിപ്പിക്കില്ലെന്ന സത്യവാങ്‌മൂലം കളിക്കാരിൽ നിന്ന് എഴുതി വാങ്ങണം. ഐ.പി.എൽ അടക്കം പ്രമുഖ ടൂർണമെന്റുകളിൽ ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. സമാനമായ നിർദ്ദേശങ്ങളാണ് സായി ഡയറക്‌ടർ ജനറൽ സന്ദീപ് പ്രധാനും നൽകിയത്.