യുപിഐ പേയ്‌മെന്റുകൾക്കായി രണ്ടുപേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം; പുതിയ പദ്ധതിയുമായി ആർബിഐ
യുപിഐ പേയ്മെന്റുകൾക്ക് ഒരാൾക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽനിന്നുള്ള പണം മാത്രമാണ് ഇടപാടിന് ഉപയോഗിക്കാനായിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാൾക്കും മറ്റൊരാളുടെ ബാങ്കിൽനിന്ന് പണം ഉപയോഗിക്കാൻ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആർബിഐ അവതരിപ്പിച്ചിരിക്കുന്നത്.
ഒരാൾക്ക് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകൾ നടത്താൻ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താൻ അനുവദിക്കുന്ന സംവിധാനമാണിത്. ഒരേ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് പേർക്ക് പണമിടപാട് നടത്താൻ അനുവദിക്കുന്ന നടപടി ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തിയും ഉപയോഗവും കൂടുതൽ ആഴത്തിലാക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽനിന് അഞ്ച് ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമായി ഉയർത്തിയിരുന്നു.