ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ജൂണിയർ-സീനിയർ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിർദേശങ്ങൾ തയാറാക്കാൻ പത്തംഗ ദേശീയ ദൗത്യസേന (എൻടിഎഫ്) രൂപീകരിച്ചു. കോൽക്കത്ത ആർജി കർ ആശുപത്രിയിൽ ജൂണിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ഉയരുന്നതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ടു മാസത്തിനുള്ളിൽ പൂർണ റിപ്പോർട്ടും സമർപ്പിക്കാൻ എൻടിഎഫിനോട് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട തത്സ്ഥിതി റിപ്പോർട്ട് നാളെ സമർപ്പിക്കാൻ സിബിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കും.