കുടിയേറ്റ നയങ്ങളിൽ കാനഡ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾക്കെതിരെ ​​പ്രതിഷേധവുമായി അന്താരാഷ്ട്ര വിദ്യാർഥികൾ

0

ഒട്ടാവ: കുടിയേറ്റ നയങ്ങളിൽ കാനഡ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾക്കെതിരെ ​​പ്രതിഷേധവുമായി അന്താരാഷ്ട്ര വിദ്യാർഥികൾ. സ്റ്റഡി പെർമിറ്റുകൾ പരിമിതപ്പെടുത്തിയതും സ്ഥിരതാമസിത്തുനള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായത്. പുതിയ നയങ്ങൾ കാരണം 70,000ത്തിലധികം ബിരുദ വിദ്യാർഥികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. പുതുജീവിതം കെട്ടിപ്പടുക്കുകയെന്ന ​സ്വപ്നവുമായി കാനഡയിലേക്ക് വിമാനം കയറിയ ഇന്ത്യക്കാരടക്കമുള്ളവർ ജസ്റ്റിൻ ട്രൂഡോ സർക്കാറിന്റെ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധത്തിലാണ്. ലക്ഷങ്ങൾ ചെലവഴിച്ചും വർഷങ്ങളുടെ കഠിനാധ്വാനവും വഴിയാണ് പലരും കാനഡയിലെത്തിയത്.

പുതിയ നയങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. അന്തർദേശീയ വിദ്യാർഥികൾ വിവിധ പ്രവിശ്യകളിൽ പ്രതിഷേധ ക്യാമ്പുകൾ സ്ഥാപിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പ്രിൻസ് എഡ്‍വാർ ദ്വീപ്, ഒൻടാരിയോ, മാനിടോബ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം തിളച്ചുമറിയുകയാണ്. ഈ വർഷാവസാനം വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ നിരവധി ബിരുദധാരികൾക്ക് നാടുകടത്തൽ നേരിടേണ്ടി വരുമെന്ന് വിദ്യാർഥി അഭിഭാഷക സംഘമായ നൗജവാൻ സപ്പോർട്ട് നെറ്റ്‍വർക്ക് മുന്നറിയിപ്പ് നൽകുന്നു. സ്ഥിരതാമസത്തിനുള്ള അപേക്ഷകളിൽ 25 ശതമാനമാണ് കുറവുവരുത്തിയത്. ഇത് പല വിദ്യാർഥികൾക്കും വലിയ തിരിച്ചടിയായി മാറി.

You might also like