ഗാസയിൽ പോളിയോ വാക്സിനേഷനായി 3 ദിവസത്തെയ്ക്ക് താൽക്കാലിക വെടിനിർത്തൽ
ഗാസയില്‍ താത്കാലിക വെടിനിർത്തല്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും. കുട്ടികള്‍ക്ക് പോളിയോ വാക്സിൻ നല്‍കുന്നതിനായാണ് മൂന്ന് ദിവസത്തെ വെടിനിർത്തല്‍. 64,000 കുട്ടികള്‍ക്കാണ് പോളിയോ വാക്സിൻ നല്‍കുക. ഇക്കാര്യം ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അറിയിച്ചു.
ഞായറാഴ്ചയാണ് പോളിയോ വാക്സിൻ നല്‍കുന്നത് ആരംഭിക്കുക. പുലർച്ചെ ആറ് മണിക്കും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുമിടയില്‍ വെടിനിർത്തലായിരിക്കുമെന്ന് ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു. സെൻട്രല്‍ ഗാസയിലാണ് ആദ്യം വാക്സിൻ നല്‍കുക. പിന്നീട് തെക്കൻ ഗാസയില്‍ വാക്സിൻ നല്‍കും. ആ സമയത്ത് ഇവിടെയും മൂന്ന് ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിക്കും. ശേഷം വടക്കൻ ഗാസയില്‍ ക്യാമ്ബ് നടക്കും. ഇവിടെയും മൂന്ന് ദിവസത്തെ വെടിനിർത്തലാണ് ഉണ്ടാവുക. ആവശ്യമെങ്കില്‍ ഒരു ദിവസം കൂടി വെടിനിർത്തല്‍ തുടരും.
നാലാഴ്ചയ്ക്ക് ശേഷം ഒരു സെക്കൻഡ് ഡോസ് വാക്സിൻ ആവശ്യമായി വരുമെന്നും ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു. ഈ മാസം 23ന് ടൈപ് ടു പോളിയോ ബാധിച്ച് 10 മാസം പ്രായമായ കുട്ടിയ്ക്ക് ഒരു കാലില്‍ തളർവാതമുണ്ടായിരുന്നു. 25 വർഷത്തിനിടെ ഗസയില്‍ ആദ്യമായാണ് പോളിയോ സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രദേശത്ത് വാക്സിൻ നല്‍കാനുള്ള നീക്കങ്ങള്‍ ശക്തി പ്രാപിച്ചത്. ഗാസ മുനമ്ബില്‍ 10 വയസില്‍ താഴെയുള്ള ആറര ലക്ഷം പലസ്തീനിയൻ കുഞ്ഞുങ്ങളുണ്ടെന്നാണ് ഹമാസ് വക്താവ് ബസെം നയിം റൂയിട്ടേഴ്സിനോട് പ്രതികരിച്ചു.
ഇസ്രയേല്‍ സൈന്യവുമായി സഹകരിച്ചാണ് വാക്സിൻ വിതരണം നടക്കുക. കരെം ഷാലോമിലൂടെ ഇതിനകം വാക്സികളും ഗാസയിലെത്തിച്ചിട്ടുണ്ട്.
ഗാസയില്‍ അഭയാർത്ഥി ക്യാമ്ബായി പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഈ മാസം 10ന് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ദരജ് മേഖലയിലെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 100 പേർ മരിച്ചതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്. യുദ്ധത്തില്‍ ഭവനരഹിതരായ പലസ്തീൻകാരാണ് ഈ സ്കൂളില്‍ താമസിച്ചിരുന്നത്. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഹമാസിൻ്റെ കമാൻഡ് സെൻ്ററില്‍ തങ്ങള്‍ ആക്രമണം നടത്തിയതായാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.
ഗാസ മുനമ്ബ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായില്‍ ഹനിയ കഴിഞ്ഞ ആഴ്ച ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്. ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായി ഹമാസാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.