വളർത്തു മൃഗങ്ങളിൽ നിന്ന് 125 വ്യത്യസ്ത വൈറസുകൾ കണ്ടെത്തി ഗവേഷകർ

0

വളർത്തു മൃഗങ്ങളിൽ നിരവധി അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി സയൻസ് ജേണലായ നേച്ചർ. ചൈനീസ് രോമ ഫാമുകളിലെ 461 മൃഗങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ 125 വ്യത്യസ്ത വൈറസുകളാണ് ഗവേഷകർ കണ്ടെത്തിയത്. ഈ വൈറസുകൾ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമാണെന്നും ഇത് പുതിയ പാൻഡെമിക്കുകൾക്ക് കാരണമായേക്കാമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രോമങ്ങൾക്കായി സാധാരണയായി വളർത്തുന്ന റാക്കൂൺ നായ്ക്കൾ, മിങ്ക്, കസ്തൂരിമാൻ എന്നിവ പോലുള്ള ഇനങ്ങളിൽ നിരവധി വൈറസുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ചിലത് മനുഷ്യന്റെ ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 2021നും 2024നും ഇടയിൽ ചൈനയിലുടനീളമുള്ള രോമ ഫാമുകളിൽ രോഗം ബാധിച്ച് ചത്തതായി കണ്ടെത്തിയ 461 മൃഗങ്ങളിൽ നിന്ന് ഗവേഷകർ സാമ്പിളുകൾ ശേഖരിച്ചു. ഈ മൃഗങ്ങളിൽ മിങ്കുകൾ, റാക്കൂൺ നായ്ക്കൾ, കുറുക്കന്മാർ, ഗിനി പന്നികൾ, മുയലുകൾ എന്നിവ ഉൾപ്പെടുന്നു. ഈ മൃഗങ്ങളുടെ ശ്വാസകോശം, കുടൽ, മറ്റ് അവയവങ്ങൾ എന്നിവയിൽ നിന്നുള്ള ടിഷ്യൂകൾ സംഘം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 125 വ്യത്യസ്ത വൈറസുകൾ കണ്ടെത്തി. ഈ വൈറസുകളിൽ 39 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളവയാണെന്നാണ് വിലയിരുത്തൽ. കാരണം അവയ്ക്ക് മനുഷ്യർ ഉൾപ്പെടെയുള്ളവയിലേക്ക് ക്രോസ്-സ്പീഷീസ് ട്രാൻസ്മിഷൻ സാധ്യമാണെന്നാണ് വ്യക്തമാകുന്നത്. H1N2, H5N6, H6N2 എന്നിവയുൾപ്പെടെ നിരവധി ഇൻഫ്‌ലുവൻസ എ വൈറസുകൾ ഗിനി പന്നികൾ, മിങ്കുകൾ, മസ്‌ക്രാറ്റുകൾ എന്നിവയിൽ കണ്ടെത്തി.

You might also like