‘വിശ്വാസങ്ങൾ പലതാണെങ്കിലും നമ്മളെല്ലാവരും സഹോദരങ്ങൾ’; ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ
ജക്കാർത്ത: സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കുന്നതിനെതിരെ ഫ്രാൻസിസ് മാർപാപ്പ. ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ പള്ളിയുടെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘മാനവരാശിക്കായി മതസൗഹാർദം’ എന്ന പ്രഖ്യാപനത്തിൽ ഇരുവരും വ്യാഴാഴ്ച ഒപ്പു വച്ചു.
ആറ് മതങ്ങളുടെ പ്രാദേശിക നേതാക്കളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഏഷ്യ പസഫിക് മേഖലയിലേക്കുള്ള പര്യടനത്തിലെ ആദ്യ ദിനങ്ങൾ ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കായാണ് അദ്ദേഹം മാറ്റിവെച്ചത്. വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന ആളുകൾ കൂടിയാണെങ്കിലും നമ്മളെല്ലാവരും സഹോദരങ്ങളാണ്.ഏതു വ്യത്യാസത്തിനുമപ്പുറം നാമെല്ലാം സ്വന്തം ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീർഥാടകരാണ്- അദ്ദേഹം പറഞ്ഞു. യുദ്ധം, സംഘർഷം, പരിസ്ഥിതി നാശം എന്നിവ കാരണം സൃഷ്ടിക്കപ്പെട്ട ഗുരുതരമായ പ്രതിസന്ധിയാണ് മാനവികത നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിയിൽ നടന്ന ചടങ്ങുകളിൽ ഖുറാനും ബൈബിളും പാരായണം ചെയ്തു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ് ഇസ്തിഖ്‌ലാൽ.