പുതിയ ഉപാധികളില്ലാതെ വെടിനിർത്തൽ കരാറിന് തയാറാണെന്ന് ഹമാസ്
കെയ്റോ: പുതിയ ഉപാധികളില്ലാതെ ഇസ്രായേലുമായുള്ള യുദ്ധം തീർക്കാൻ വെടിനിർത്തൽ കരാറിന് തയാറാണെന്ന് ഹമാസ്. യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഉപാധികളില്ലാതെ അംഗീകരിക്കുമെന്നും ഹമാസ് അറിയിച്ചു. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഹമാസിന് വേണ്ടി വെടിനിർത്തൽ ചർച്ചകൾ നടത്തുന്ന മുതിർന്ന ഉദ്യോഗസ്ഥനായ ഖലീൽ അൽ-ഹയ്യ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൽ അബ്ദുൽറഹ്മാൻ അൽ താനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് ഖമേൽ എന്നിവർ ഇതുസംബന്ധിച്ച് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വിശദമായ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്.