ഭീതിയായി വീണ്ടും മണിപ്പൂര്‍: രാജ്ഭവന് സമീപത്തും വിദ്യാര്‍ഥി പ്രക്ഷോഭം
ഇംഫാല്‍: മണിപ്പൂരില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ സംസ്ഥാനത്തിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ ഇംഫാല്‍ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോര്‍ട്ട്.
ഇംഫാലില്‍ രാജ്ഭവന് നേരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഗവര്‍ണര്‍ മണിപ്പൂര്‍ വിട്ടത്. നിലവില്‍ അദേഹം ഗുവാഹത്തിയിലാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. അസം ഗവര്‍ണറായ ലക്ഷ്മണ്‍ പ്രസാദിന് നിലവില്‍ മണിപ്പൂരിന്റെ അധിക ചുമതലയാണ്.
ചൊവ്വാഴ്ച രാത്രി വിദ്യാര്‍ഥി പ്രതിനിധികള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി രാജ്ഭവന്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തി ഉചിത നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെങ്കിലും സംസ്ഥാനത്ത് സംഘര്‍ഷ ഭീതി തുടരുകയാണ്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്. മണിപ്പൂര്‍ സര്‍വകലാശാലയിലെ എല്ലാ ബിരുദ പരീക്ഷകളും മാറ്റി വെച്ചു. രാജ്ഭവന് സമീപം ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ അറുപതോളം വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്