ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനൻ തലസ്‌ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ വീണ്ടും ഇസ്റാഈൽ വ്യോമാക്രമണ നടത്തി. ഇസ്റാഈൽ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പിൻ്റെ ഒരു ഉന്നത കമാൻഡറും കൊല്ലപ്പെട്ടവരിലുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറായ റദ്വാൻ ഫോഴ്സ് കമാൻഡർ ഇബ്രാഹിം അഖീലാണ് കൊല്ലപ്പെട്ടത്. നേരത്തേ, ജൂലൈയിൽ തെക്കൻ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ ഫുവാദ് ശുക്ർ കൊല്ലപ്പെട്ടിരുന്നു.
എഫ്-35 ജെറ്റ് വിമാനങ്ങളാണ് ജനവാസ മേഖലയിൽ ഇടിച്ചതെന്ന് ഏജൻസി അറിയിച്ചു. ദഹിയയിലെ പ്രധാന ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇസ്റാഈൽ പ്രതിരോധ സേന സ്‌ഥിരീകരിച്ചു. 2023 ഒക്ടോബർ 7ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്റൂട്ടിൻ്റെ തെക്കൻ പ്രദേശങ്ങളിൽ നടത്തുന്ന മുന്നാമത്തെ വ്യോമാക്രമണമാണിത്. പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസവും ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലെബനനിൽ വ്യോമാക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെ യുദ്ധ പ്രഖ്യാപനമാണിതെന്നാണ് ഹിസ്ബുല്ല സംഘടനയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല പറഞ്ഞത്.