പതിറ്റാണ്ടുകൾക്കു ശേഷം ചൈന ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചു.
ബെയ്‌ജിങ്: പതിറ്റാണ്ടുകൾക്കു ശേഷം ചൈന ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചു. പസഫിക് സമുദ്രത്തിലേക്കാണ് ഡമ്മി പോർമുന ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. വാർഷിക പരിശീലനത്തിന്റെ ഭാഗമായ പതിവ് പരീക്ഷണമാണെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
ഏതു രീതിയിലുള്ള മിസൈലുകളാണ് ഉപയോഗിച്ചതെന്നോ ഏതു വഴിയാണ് മിസൈൽ സഞ്ചരിച്ചതെന്നോ തുടങ്ങിയ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പശ്ചിമേഷ്യയിലടക്കം സംഘർഷം നടക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ ആയുധ പരീക്ഷണം. ലബനാനും മറ്റു അറബ് സഹോദരങ്ങൾക്കും അവരുടെ പരമാധികാരം സംരക്ഷിക്കാനുള്ള പിന്തുണ നൽകുമെന്ന് കഴിഞ്ഞ ദിവസം ചൈന അറിയിച്ചിരുന്നു.
ചൈനയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ജപ്പാൻ അറിയിച്ചു. ഇതിനു മുമ്പ് ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചത് സിൻജി യാങ് പ്രവിശ്യയിലെ തക്ലാമാകൻ മരുഭൂമിയിൽ വച്ചായിരുന്നു. 1980 ലായിരുന്നു ഇത്. ചൈനയുടെ ആദ്യ ഭൂഖണ്ഡാന്തര മിസൈ ലാണിതെന്നാണ് കരുതുന്നത്. കടലിലേക്കായിരുന്നു അന്ന് മിസൈൽ വിക്ഷേപിച്ചത്. 9,070 കി. മീ ദൂരപരിധിയുള്ള മിസൈലാണ് 18 ചൈനീസ് കപ്പലുകളിൽനിന്ന് അന്ന് പരീക്ഷിച്ചത്. ചൈനയുടെ ഏറ്റവും വലിയ നാവിക പരീക്ഷണങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.