ഇസ്രേലി വ്യോമസേന വീണ്ടും ലബനനിൽ വ്യാപക ആക്രമണം നടത്തി.
ബെയ്റൂട്ട്: ഹിസ്ബുള്ളകൾ ടെൽ അവീവിലേക്കു മിസൈൽ തൊടുത്തതിനു പിന്നാലെ ഇസ്രേലി വ്യോമസേന വീണ്ടും ലബനനിൽ വ്യാപക ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ 280 കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. 51 പേർ കൊല്ലപ്പെടുകയും 220 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹിസ്ബുള്ളകൾ ഇസ്രയേലിന്റെ വാണിജ്യതലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമിടുന്നത് ആദ്യമാണ്. ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തേക്കാണ് ഇന്നലെ രാവിലെ ബാലിസ്റ്റിക് മിസൈൽ തൊടുത്തതെന്ന് ഹിസ്ബുള്ളകൾ പറഞ്ഞു.
മിസൈൽ ലക്ഷ്യംകാണും മുന്പേ ഇസ്രേലി സേന വെടിവച്ചിട്ടു. ആളപായവും നാശനഷ്ടവുമില്ല. ഇതിനു പിന്നാലെ തെക്കൻ ലബനനിലും ബെക്കാ താഴ്വരയിലും വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ പേജർ- വാക്കിടോക്കി ആക്രമണങ്ങളിലും 550തിലധികം പേർ കൊല്ലപ്പെട്ട വ്യോമാക്രമണങ്ങളിലും തളരില്ലെന്നു തെളിയിക്കാനാണു ഹിസ്ബുള്ളകൾ ടെൽ അവീവ് ലക്ഷ്യമാക്കി മിസൈൽ പ്രയോഗിച്ചതെന്നു കരുതുന്നു. ഇതിനു പുറമേ ഇസ്രയേലിലെ ഹാറ്റ്സോർ പട്ടണമടക്കമുള്ള സ്ഥലങ്ങളിലേക്കും സൈനിക കേന്ദ്രങ്ങളിലേക്കും ഹിസ്ബുള്ളകൾ മിസൈൽ പ്രയോഗിച്ചു. സിറിയയിൽനിന്ന് ഇസ്രയേലിനു നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.