ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ

0

ബെയ്‌റൂത്ത്: 21 ദിവസം വെടിനിര്‍ത്തല്‍ എന്ന അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നിര്‍ദേശം തള്ളിയ ഇസ്‌റാഈല്‍, ബെയ്‌റൂത്ത് ഉള്‍പ്പെടെ ലബനാനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ആക്രമണങ്ങളില്‍ ഇന്നലെ മാത്രം 88 പേര്‍ മരിക്കുകയും 153 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുമുണ്ടെന്ന് ലബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

ബെയ്‌റൂത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ഡ്രോണ്‍ കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന്‍ സുറൂറും കൊല്ലപ്പെട്ടു. സുറൂറിന്റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫുആദ് ഷുക്കൂര്‍, ഇബ്രാഹിം ആഖില്‍, ഇബ്രാഹിം ഖുബൈസി എന്നീ കമാന്‍ഡര്‍മാരേയും നേരത്തെ കൊലപ്പെടുത്തിയിരിക്കുന്നു. തെക്കന്‍ ബെയ്‌റൂത്തില്‍ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അല്‍ മനാര്‍ ടി.വി. സ്റ്റേഷനു നേരെയും ആക്രമണം നടന്നു.

21 നാള്‍ വെടിനിര്‍ത്തല്‍ എന്ന അമേരിക്ക-ഫ്രാന്‍സ് നിര്‍ദേശത്തോടും ഇസ്രായേല്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചവരെ തിരികെയെത്തിക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നാണ് ഇസ്‌റാഈല്‍ വാദം.  ഹിസ്ബുല്ലക്കെതിരെ കൂടുതല്‍ ശക്തമായ സൈനിക നടപടി തുടരാന്‍ നെതന്യാഹു സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വെടിനിര്‍ത്തലിനോട് ഹിസ്ബുല്ലയും പ്രതികരിച്ചിട്ടില്ല. അതേസമയം, വെടിനിര്‍ത്തലിനായി ന്യൂയോര്‍ക്കില്‍ ഇന്ന് ചര്‍ച്ച നടക്കുമെന്ന് അമേരിക്ക പറഞ്ഞു.

ലബനാനിലേക്കും തെല്‍ അവീവിലേക്കുമുള്ള യാത്ര നിര്‍ത്തിവെക്കാന്‍ വിവിധ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന രാജ്യങ്ങള്‍ പലതും ലബനാനില്‍ നിന്ന് തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള നടപടിയും ഊര്‍ജിതമാക്കി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബൈയ്‌റൂത്തിലെ ഇന്ത്യന്‍ എംബസിയും രംഗത്തെത്തി. മേഖലയിലെ സമീപകാല പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലബനനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് എംബസി അറിയിപ്പ് നല്‍കി. എന്നാല്‍ അനിവാര്യ കാരണങ്ങളാല്‍ ലബനാനില്‍ തന്നെ തങ്ങുന്നവര്‍ സഞ്ചാരങ്ങള്‍ നിയന്ത്രിക്കണമെന്നും ബൈറൂത്തിലെ ഇന്ത്യന്‍ എംബസിയുമായി ഇമെയില്‍ വഴി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ നിര്‍ദേശിച്ചു. നിലവില്‍ ലബനാനിലുള്ള എല്ലാ ഇന്ത്യക്കാരും രാജ്യം വിടണമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

You might also like