ന്യൂയോർക്ക്: സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അമേരിക്ക. 37 ഭീകരരെ ആക്രമണത്തിൽ വധിച്ചതായി അധികൃതർ വ്യക്തമാക്കി. ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരരുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേര്‍ സീനിയർ കമാൻഡർമാരാണെന്നും റിപ്പോർട്ടുണ്ട്.
അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഹുറാസ് അൽ ദീൻ ഗ്രൂപ്പിലെ മുതിർന്ന നേതാവിനെയും മറ്റ് എട്ടോളം പേരെയും വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളെയാണ് കൊലപ്പെടുത്തിയതെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഈ മാസം 16 മുതൽ മേഖലയിൽ അമേരിക്കൻ സൈന്യം ആക്രമണങ്ങൾ കടുപ്പിച്ചിരുന്നു. ഐഎസ് പരിശീലന ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 28 തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കയുടെ താത്പര്യങ്ങൾക്കെതിരെയും സഖ്യകക്ഷികൾക്കെതിരെയും പ്രവർത്തിക്കാനുള്ള ഐഎസിന്റെ എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്തുമെന്ന് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു.