യു.കെയിലേക്കുള്ള യാത്രയില്‍ മലയാളിക്ക് ദേഹാസ്വാസ്ഥ്യം: എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

0

കോപ്പന്‍ഹേഗന്‍: ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എ.ഐ 111 എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളിക്ക് അടിയന്തര ചികിത്സ വേണ്ടി വന്നതോടെയാണ് വിമാനം കോപ്പന്‍ഹേഗനില്‍ ലാന്‍ഡ് ചെയ്തത്. ചികിത്സാര്‍ത്ഥം നാട്ടില്‍ പോയി മടങ്ങിയ രാജീവ് ഫിലിപ്പീന് ഇന്‍സുലിന്‍ താഴ്ന്നു പോയതോടെയാണ് വിമാനത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തയാറായത്.

വിമാനം എത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജീകരിച്ചിരുന്നു. തുടര്‍ന്ന് കോപ്പന്‍ഹേഗനിലെ അമങ്ഗര്‍ ആശുപത്രിയിലേക്ക് മാറ്റിയ രാജീവിനെ മെഡിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.കെയിലെ എക്സ്റ്ററിന് അടുത്തുള്ള ഡാളിഷ് പട്ടണത്തിലാണ് രാജീവ് താമസിക്കുന്നത്.

ലണ്ടനിലേക്ക് എത്താന്‍ രണ്ടു മണിക്കൂര്‍ കൂടി പറക്കേണ്ടി വരുമെന്നത് കണക്കിലെടുത്താണ് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്താന്‍ പൈലറ്റ് തീരുമാനിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ജീവനക്കാരും അടിയന്തര സഹായവുമായി രംഗത്ത് വന്നിരുന്നു.

രാവിലെ പതിനൊന്നരയ്ക്ക് ലണ്ടനില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ശേഷമാണു ലണ്ടനില്‍ എത്തിയത്. വിമാനത്തില്‍ വേറെയും മലയാളികള്‍ യാത്രക്കാരായി ഉണ്ടായിരുന്നു. രാജീവിന് ഒപ്പം യാത്ര ചെയ്തിരുന്ന ഡോളിഷ് പട്ടണത്തില്‍ തന്നെ താമസിക്കുന്ന തോമസ് എന്നയാളും ഡെന്മാര്‍ക്കില്‍ രാജീവിനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്നു

You might also like