സൌദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
റിയാദ്:സഊദി അറേബ്യയിലെ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് പദ്ധതി 2024 ഒക്ടോബർ 6, ഞായറാഴ്ച മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നതായി സഊദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റാണ് അറിയിച്ചു.
രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സഊദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ്, ഇൻഷുറൻസ് അതോറിറ്റി എന്നിവർ ചേർന്നാണ് ‘ഇൻഷുറൻസ് പ്രോഡക്റ്റ്’ എന്ന പേരിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.
സ്ഥാപനങ്ങളുടെ വീഴ്ച മൂലം വേതനം മുടങ്ങുന്ന സാഹചര്യത്തിൽ പ്രവാസി തൊഴിലാളികൾക്ക് അനുഭവപ്പെടുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നത് ഉൾപ്പടെയുള്ള ലക്ഷ്യങ്ങൾ മുന്നിൽവെച്ചാണ് ഈ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. തൊഴിലുടമ വേതനം നൽകുന്നത് മുടക്കുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ കുടിശിഖ തുകകൾ അടച്ച് തീർക്കുന്നതിനുള്ള പിന്തുണ നൽകുന്നതാണ് ഈ പദ്ധതി.
പ്രവാസി തൊഴിലാളി സഊദി അറേബ്യയിൽ നിന്ന് എന്നേക്കുമായി മടങ്ങുന്ന സാഹചര്യത്തിൽ ഇവർക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ഉറപ്പാക്കുന്നത് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതാണ്.