ഇസ്രായേലില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം;രണ്ട് മരണം,അഞ്ചുപേര്‍ക്ക് പരിക്ക്

0

ഇസ്രായേലിന് നേരെ ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തില്‍ വടക്കൻ ഇസ്രായേലില്‍ രണ്ടുപേർ കൊല്ലപ്പെട്ടു.

ഇസ്രായേലിന്റെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയിലടക്കം ഡസൻ കണക്കിന് റോക്കറ്റുകള്‍ പതിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്തു. ഹൈഫയില്‍ റോക്കറ്റ് വർഷത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.ഇസ്രായേല്‍ അതിർത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ദമ്ബതികളായ റിവിറ്റല്‍ യെഹൂദ് (45), ദ്വിർ ഷർവിത് (43) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് കിര്യത് ശമോനയില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ലബനാനില്‍ നിന്ന് കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം 20 ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം സ്ഥിരീകരിച്ചു. ഹൈഫ പ്രാന്തപ്രദേശമായ കിര്യത് ബിയാലിക്കില്‍ റോക്കറ്റ് പതിച്ച്‌ വൈദ്യുതി തടസ്സപ്പെട്ടു. മേഖലയില്‍ പരക്കെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരുന്നു.

ലബനാന് നേരെ ഇസ്രായേല്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കിടെ മാരകമായ തിരിച്ചടി നേരിട്ട ദിവസമാണ് ഇന്നലെയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല ആക്രമണത്തില്‍ മുതിർന്ന സൈനികോദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.

കഴിഞ്ഞ ദിവസം, ഹൈഫയുടെ തെക്ക് കാർമല്‍ മേഖലയിലേക്ക് ഹിസ്ബുല്ല അയച്ച രണ്ട് മിസൈലുകള്‍ പ്രതിരോധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. സെപ്റ്റംബർ 23ന് ലബനാന് നേരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചശേഷം ഹിസ്ബുല്ല 3,000 റോക്കറ്റുകള്‍ വിക്ഷേപിച്ചതായാണ് ഐ.ഡി.എഫ് പറയുന്നത്. ഹിസ്ബുല്ല ആക്രമണം ഭയന്ന് 2023 ഒക്‌ടോബർ മുതല്‍ 60,000 ഇസ്രായേലി പൗരന്മാരെ മേഖലയില്‍നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

You might also like