ഇസ്രയേലിന് സഹായവുമായി യു.എസ് ; ഇറാൻ എണ്ണക്ക് ഉപരോധം ഏർപ്പെടുത്തി
വാഷിങ്ടൻ: ഇസ്രയേലിന് സഹായവുമായി യു.എസ്. ഇറാനെതിരെ പുതിയ എണ്ണ ഉപരോധം പ്രഖ്യാപിച്ചു. ഇറാൻ എണ്ണ കടത്തുന്ന കപ്പലുകൾ, കമ്പനികൾ എന്നിവക്കെതിരെയാണ് പുതിയ ഉപരോധം. ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുല്ല, ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ എന്നിവരെ വധിച്ചതിന് പ്രതികാരമായി ഒക്ടോബർ ഒന്നിനാണ് ഇസ്രയേലിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ എത്തിയത്. ഇറാൻ ആണവ പദ്ധതിക്കും മിസൈൽ നിർമാണത്തിനും പണമിറക്കാൻ സഹായിക്കുന്ന വരുമാന സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇറാനിലെ എണ്ണക്കമ്പനികൾ നേരത്തേ യു.എസ് ഉപരോധ പട്ടികയിലുള്ളതാണെങ്കിലും നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ആറ് സ്ഥാപനങ്ങൾ, ആറ് കപ്പലുകൾ എന്നിവയാണ് പുതുതായി സ്റ്റേറ്റ് വിഭാഗം പ്രഖ്യാപിച്ച ഉപരോധ പരിധിയിൽ വരുക. ട്രഷറി വിഭാഗം 17 കപ്പലുകൾക്കെതിരെയും ഉപരോധം നടപ്പാക്കും. യു.എ.ഇ, ചൈന, പാനമ അടക്കം രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ് കപ്പലുകൾ. ഇവയുടെ പേരിൽ യു.എസിലുള്ള ആസ്തികൾ ഇതോടെ മരവിപ്പിക്കും.